സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട്ടിലെ കൂടംകുളം ആണവ വൈദ്യുതി നിലയത്തിലെ ഒന്നാമത്തെ റിയാക്ടറിൽ നിന്നും അതിന്റെ പൂർണശേഷിയായ 1,000 മെഗാവാട്ട് വൈദ്യുതി ‌ലഭിച്ചു തുടങ്ങിയതായി ‌നിലയത്ത്തിന്റെ ഡയറക്ടർ ശ്രീ ആർ.എസ് സുന്ദർ അറിയിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ‌01.20 മുതൽ നിലയത്തിൽ നിന്നും ‌മുഴുവൻ ശേഷിയായ 1000 മെഗാവാട്ട് ‌വൈദ്യുതി ഉത്പാദിപ്പിച്ചു ‌തുടങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ആണവ നിലയമായി കൂടംകുളം മാറി. നിർമാണത്തിലിരിക്കുന്ന രണ്ടാമത്തെ റിയാക്ടർ ഈ വർഷം അവസാനത്തോടെ കമ്മീഷൻ ചെയ്യും. റഷ്യയുടെ സാമ്പത്തിക-സാങ്കേതിക സഹായത്താൽ നിർമ്മിച്ച നിലയമാണിത്. ശക്തമായ പ്രാദേശിക എതിർപ്പുകളെ അതിജീവിച്ചാണ് , ഏറ്റവും മികച്ച സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിർമിച്ച കൂടംകുളം നിലയത്തെ രാജ്യത്തെ ‌21മത്തെ ആണവനിലയമായി കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്തത്.